പാർലമെന്റ് കാന്റീനിലെ സബ്സിഡി ഒഴിവാക്കാൻ നീക്കം. കാന്റീനിലെ ആഹാരത്തിന് തുച്ഛമായ വില മാത്രമേ ഈടാക്കുന്നുള്ളൂവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സബ്സിഡി ഒഴിവാക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സബ്സിഡി നിർത്തലാക്കുന്നതിനെപ്പറ്റി ആരാഞ്ഞിരുന്നു. ബിജെപി, കോൺഗ്രസ് എംപിമാർ തീരുമാനത്തിന് അനുകൂലവമാണ്.പാർലമെന്റിലെ 10 ശതമാനം വരുന്ന എംപിമാർ മാത്രമാണ് കാന്റീനിൽ നിന്നു ആഹാരം കഴിക്കുന്നതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. ഇവരെ കൂടാതെ പാർലമെന്റിലെ ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരാണ് കാന്റീനിൽ നിന്ന് ആഹാരം കഴിക്കുന്നത്. പാർലമെന്റിലെ കാന്റീന് സബ്സിഡി അനുവദിക്കുന്നതിലൂടെ മാത്രം 14 കോടിയോളം രൂപയാണ് കേന്ദ്രസർക്കാരിന് നഷ്ടമുണ്ടാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു.സബ്സിഡി നിർത്തലാക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് ഇവിടുത്തെ വിലവിവരങ്ങൾ വാർത്തയായത്. സബ്സിഡി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും എംപിയുമായ ജെയ് പാണ്ഡയും രംഗത്തെത്തിയിരുന്നു.
പാർലമെന്റ് കാന്റീനിലെ സബ്സിഡി നിർത്തലാക്കും
0
Share.