ഗുണനിലവാരവും കലാമൂല്യവുമുള്ള നല്ല സിനിമകളെടുക്കണമെന്ന സിദ്ധാന്തക്കാരനാണ് സംവിധായകന്‍ സീനുരാമസ്വാമി. തന്‍റെ തെന്‍മേര്‍ക്ക് പരുവക്കാറ്റ് എന്ന സിനിമയിലൂടെ തമിഴ് സിനിമയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത സംവിധായകന്‍ കൂടിയാണ് ബാലുമഹേന്ദ്രാ ശിഷ്യനായ ഈ സംവിധായകന്‍. പ്രശസ്ത കഥാകൃത്ത് എസ്. രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി സീനു രാമസ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ സിനിമയുടെ പേര് ഇടം പൊരുള്‍ ഏവല്‍ എന്നാണ്. സ്ഥലവും സന്ദര്‍ഭവും അറിഞ്ഞ് പ്രവര്‍ത്തിക്കയും സംസാരിക്കയും ചെയ്യണമെന്നാണിതിന്‍റെ പൊരുള്‍. ടൈറ്റിലും ചിത്രത്തിന്‍റെ പ്രമേയവുമായി ഗാഢബന്ധമാണുള്ളതെന്ന് സംവിധായകന്‍ പറയുന്നു. സംവിധായകന്‍ എന്‍. ലിംഗുസ്വാമിയുടേയും സഹോദരന്‍ എന്‍. സുഭാഷ് ചന്ദ്രബോസിന്‍റെയും ചലച്ചിത്ര നിര്‍മ്മാണ കന്പനിയായ തിരുപ്പതി ബ്രദേഴ്സ് മീഡിയാ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാതാക്കള്‍. വിജയ് സേതുപതിയും, വിഷ്ണുവുമാണ് ചിത്രത്തിന്‍റെ നായകന്മാര്‍. നന്ദിതയും ഐശ്വര്യയും നായികമാരാകുന്നു. വടിവൂക്കരശി ചിത്രത്തിന്‍റെ കഥാഗതി നിയന്ത്രിക്കുന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അഞ്ചു പേരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന ഒരു പ്രമേയമാണ് ഇടംപൊരുള്‍ ഏവലിന്‍റേത്. വിജയ് സേതുപതിയും (തെന്‍ മേര്‍ക്ക പരുവക്കാറ്റ്) വിഷ്ണുവിനേയും (നീര്‍പറവൈ) സിനിമകളിലൂടെ തമിഴ് സിനിമയില്‍ നായകനടന്മാരായി അവരോധിച്ചത് സീനുരാമസ്വാമി തന്നെയാണ്. ചിത്രത്തെക്കുറിച്ച് ആരായവെ സീനുരാമസ്വാമി പറഞ്ഞു.
കഥയില്‍ മൂന്നുതരം കഥാപാത്രങ്ങളുണ്ട്. ഈ മൂന്നു കഥാപാത്രങ്ങളും സംഗമിക്കുന്ന കേന്ദ്രമാണ് ഇടം പൊരുള്‍ ഏവല്‍ മനുഷ്യജീവിതത്തിന്‍റെ ആധാരം തന്നെ ഈ കേന്ദ്രമാണ് എന്നതാണ് പ്രമേയം. ഇത് നമുക്കെല്ലാവര്‍ക്കും യോജിക്കും. വിജയ് സേതുപതി മികച്ചൊരു നടനാണെന്ന് തെന്‍മാര്‍ക്ക് പരുവക്കാറ്റിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ മൂന്നാംപക്കം തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. വിജയ് സേതുപതിക്ക് തമിഴ് സിനിമ ചുവപ്പു പരവതാനി വിരിക്കുമെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു. എന്‍റെ സിനിമയിലൂടെ നായകനായ വിജയ് സേതുപതി നാലുവര്‍ഷംകൊണ്ട് വളരെയധികം മുന്നേരിയിരിക്കുന്നു. അത് കാണുന്പോള്‍ അതിയായ സന്തോഷം. ഈ സിനിമയിലുടനീളം വരുന്ന അദ്ദേഹത്തിന് വെറും നാലു പേജ് ഡയലോകുകളേ ഉള്ളൂ. വിഷ്ണുവും എനിക്ക് പ്രിയപ്പെട്ടവനാണ്. കടലിന്‍റെ പശ്ചാത്തലത്തില്‍ നീര്‍പറവൈ ചിത്രീകരിക്കുന്പോള്‍ അദ്ദേഹത്തെ ഞാന്‍ വെയിലത്ത് നിര്‍ത്തി ഉണക്കി. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഓടിപ്പോകുമായിരുന്നു. വിഷ്ണുവും വളരെയധികം വളര്‍ന്നുകഴിഞ്ഞു. നിര്‍പറവൈ റിലീസായി കുറച്ചു ദിവസങ്ങള്‍ക്കുശേഷൺ വീഷ്ണു എന്നെ വിളിച്ചിട്ട് താന്‍ അഞ്ചു സിനിമകളില്‍ നായകനായി കരാര്‍ ചെയ്യപ്പെട്ടു എന്ന് പറഞ്ഞു. ഒരുനടന്‍ കഷ്ടപ്പെട്ട് യാതനകള്‍ സഹിച്ച് അഭിനയിക്കാന്‍ തയ്യാറാവുന്പഴേ അയാള്‍ വരും തലമുറയിലെ സംവിധായകരുടെ ശ്രദ്ധയില്‍പ്പെടുകയുള്ളൂ എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് വിഷ്ണു. വിജയ്സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിപരീത സ്വഭാവക്കാരനായ കഥാപാത്രമാണ് വിഷ്ണുവിന്‍റേത്. രണ്ടുപേരും സല്‍പേരു സന്പാദിക്കാനായി മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രം മിതഭാഷിയാണെങ്കില്‍ വിഷ്ണുവിന്‍റേത് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണ്.
നായികമാരില്‍ ഐശ്വര്യ പ്രാസംഗികയാണ്. അവര്‍ മധുര തമിഴ് സംസാരിച്ച് അഭിനയിക്കുന്ന ശൈലി വളരെ പുതുമയുള്ളതാണ്. ഐശ്വര്യ വിഷ്ണുവിന‍്റെ ജോഡിയാകുന്പോള്‍ നന്ദിതയാണ് വിജയ് സേതുപതിയുടെ നായികയാവുന്നത്. മലജാതി പെണ്ണായി, ഒരു കമ്മ്യൂണിസ്റ്റ് സഖാവിന്‍റെ മകളായി, വിജയ് സേതുപതിയെ മൃദുവികാരങ്ങളാല്‍ ബന്ധിപ്പിക്കുന്ന ഒരു കഥാപാത്രം. വടിവൂക്കരശി ഏവരാലും പ്രശംസിക്കപ്പെടുന്ന അഭിനയമാണ് കാഴ്ചവച്ചിട്ടുള്ളത്. സത്യം പറഞ്ഞാല്‍ ഈ അഞ്ചുപേരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് എന്‍റെ സിനിമയുടെ നായകന്‍ എന്നു തന്നെ പറയാൺ. യുവന്‍ ഷങ്കര്‍ രാജയും കവിചക്രവര്‍ത്തി വൈരമുത്തുവും ആദ്യമായി ഒന്നു ചേര്‍ന്ന് ഗാനങ്ങളൊരുക്കിയ ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഇരുവരും വൈരികളാണെന്ന ധാരണ ഈ സിനിമയിലൂടെ ഉടച്ചെറിയപ്പെട്ടു. ഞാന്‍ രംഗചിത്രീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി എഡിറ്റു ചെയ്ത ശേഷമേ ഗാനമേഖലയിലേക്ക് കടക്കുകയും ഗാനരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യുകയുള്ളൂ. എഡിറ്റ് ചെയ്ത് കണ്ട ശേഷം പടത്തിന് വൈരമുത്തുവിനെക്കൊണ്ട് പാട്ടെഴുതിക്കണം എന്ന് തീരുമാനിച്ചു. യുവന്‍ സംഗീതം പകര്‍ന്നാല്‍ ഉചിതമായിരിക്കുമെന്നും തോന്നി. ലിംഗുസ്വാമിയുടെ സുഹൃത്താണ് യുവന്‍. ലിംഗുസ്വാമി പറഞ്ഞ പ്രകാരം യുവനോട് ഞാന്‍ കഥ പറഞ്ഞു. അദ്ദേഹം ഒട്ടും അമാന്തിക്കാതെ യെസ് പറഞ്ഞു. വൈരമുത്തുവിനെകൊണ്ട് പാട്ടെഴുതിക്കുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്ന് യുവന്‍ പറഞ്ഞു. അടുത്ത കടന്പ വൈരമുത്തു യുവന്‍റെ മ്യൂസിക് താങ്കള്‍ പാട്ടെഴുതണം എന്ന് ഫോണില്‍ ആവശ്യപ്പെട്ടു. അദ്ദേഹം മറുപടിയൊന്നും പറയാതെ ഫോണ്‍ വച്ചു. രണ്ടു ദിവസം കഴിഞ്ഞ് വൈരമുത്തു സാറിന്‍റെ ഓഫീസില്‍ നിന്നും അദ്ദേഹം പാട്ടെഴുതാമെന്ന് പറഞ്ഞതായി സന്ദേശം കിട്ടി. വൈരമുത്തുവും യുവനും രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയശേഷം, ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ കണ്ട് വൈരമുത്തു എഴുതവേ യുവന്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഈ വൈരമുത്തു യുവന്‍ സമാഗമം തന്നെ ചരിത്രമാവുകയാണ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായികഴിഞ്ഞു. വേറിട്ട ശബ്ദത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ എന്തവഴിപോകുമോ എന്ത ഊരു ശേരുമോ കാറ്റ്ക്ക് ദിശയിരുക്കാ എന്ന ഗാനം തമിഴകമൊട്ടാകെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഹൃദയസ്പര്‍ശിയായ ഗാനമായിത്തീര്‍ന്നു. ഈ വിധം എല്ലാംകൊണ്ടും ഇടം പൊരുള്‍ ഏവലിന്‍റെ ഘടന ശക്തമായതിന് കാലത്തിന് ഞാന്‍ നന്ദി പറയുന്നു.
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടേയും വനാന്തരങ്ങളുടേയും പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട ഇടംപൊരുള്‍ ഏവല്‍ അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.