ഭീകരരില് വനിതയും എസ്പിയും രണ്ടു ഭീകരരടക്കം 12 പേര് മരിച്ചു; ഭീകരരെത്തിയത് പാകിസ്താനില്നിന്ന് രാജ്യമെങ്ങും അതീവ ജാഗ്രത

0

2 5 71

രാജ്യത്തെ നടുക്കിയ പഞ്ചാബ് ഗുര്‍ദാസ്പുര്‍ ഭീകരാക്രമണത്തില്‍ രണ്ടു ഭീകരരും പൊലീസ് സൂപ്രണ്ടും അടക്കം 12 പേര്‍ മരിച്ചു. ആക്രമിക്കാന്‍ എത്തിയ സംഘത്തില്‍ വനിതയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ പതിനഞ്ചായതായി അനൗദ്യോഗിക വിവരമുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍സമയ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നു മാധ്യമങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഭീകരരും കമാന്‍ഡോകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.രാവിലെ അഞ്ചരയോടെയാണ് പഞ്ചാബിലെ ദിനനഗര്‍ ജില്ലയിലെ ഗുര്‍ദാസ്പുരില്‍ ഭീകരര്‍ ആക്രമണം തുടങ്ങിയത്. പത്താന്‍കോട്ട് വഴി എത്തിയ ഭീകരര്‍ ആദ്യം ഒരു മാരുതി ഓള്‍ട്ടോ കാര്‍ തട്ടിയെടുക്കുകയായിരുന്നു. കാറിനുള്ളില്‍നിന്നു നിറയൊഴിച്ചു തുടങ്ങിയ സംഘം ജമ്മുവിലേക്കു പോവുകയായിരുന്നു ബസിനു നേരെ ആക്രമണം നടത്തി. തുടര്‍ന്ന് ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു നിയന്ത്രണം കൈവശപ്പെടുത്തി.പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ഏഴു പൊലീസുകാരും ലോക്കപ്പിലുണ്ടായിരുന്ന രണ്ടു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജമ്മു ബസിലെ ആക്രമണത്തില്‍ ഒരു യാത്രക്കാരനും മരിച്ചിരുന്നു.

car1 pattalam-11

പിന്നീട് ഭീകരര്‍ പൊലീസ് സ്്‌റ്റേഷനു സമീപത്തെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തില്‍ തമ്പടിച്ചു. പഞ്ചാബ് പൊലീസിന്റെ കമാന്‍ഡോ സംഘം പ്രത്യാക്രമണം ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യത്തെയും വിന്യസിച്ചു.കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ കൈവശം വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉള്ളതായാണ് സൂചന. ഏറ്റുമുട്ടലിലാണ് ഗുര്‍ദാസ്പൂര്‍ എസ്പി ബല്‍ജിത്ത് സിംഗ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണം നടത്തുന്ന കമാന്‍ഡോകളാണ് ഭീകരരുടെ സംഘത്തില്‍ വനിതയുമുണ്ടെന്ന വിവരം നല്‍കിയത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുദാസ്പൂരിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കി. റെയില്‍വേട്രാക്കില്‍ സജീവമായ അഞ്ചു ബോംബുകള്‍ കണ്ടെടുത്തു. സുരക്ഷാ കാരണം മുന്‍നിര്‍ത്തി പത്താന്‍കോട്ടിലേക്കുള്ള എല്ലാ ട്രെയിന്‍സര്‍വീസും നിര്‍ത്തി. പഞ്ചാബിലെ പ്രധാന റോഡുകളില്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന എക്‌സ്പ്രസ് വേകളിലും ദേശീയപാതകളിലും ശക്തമായ പരിശോധന നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. പാകിസ്താനിലെ നാരോവാളില്‍നിന്നു ഹിറാനഗര്‍ വഴിയാണ് ഭീകരര്‍ ഗുര്‍ദാസ്പൂരിലെത്തിയതെന്നു സുരക്ഷാ സേന വ്യക്തമാക്കി. പത്താന്‍കോട്ട് അതിര്‍ത്തി അടയ്ക്കാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജമ്മു അതിര്‍ത്തിയോട് അടുത്തു സ്ഥിതി ചെയ്യുന്ന ജില്ലയാണ് ദിനനഗര്‍. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന്റെയും കാര്‍ഗില്‍ വിജയ്ദിവസ് വാര്‍ഷികം ആഘോഷിച്ചതിന്റെയും പശ്ചാത്തലത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി രാജ്യമെങ്ങും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്

Share.

About Author

Comments are closed.