അനാഥാലയത്തിൽ വളർന്ന യുവാവിനെ ഉപയോഗിച്ചു കുവൈത്തിലേക്ക് ബ്രൗൺ ഷുഗർ കടത്താൻ ശ്രമം. യുവാവ് ഉൾപ്പെടെ മൂന്നു പേരെ എക്സ്‌സൈസ് അറസ്റ്റ് ചെയ്തു. യുവാവിന് ഒന്നര കിലോഗ്രാം ലഹരിമരുന്നു കൈമാറിയ കൂനമ്മാവ് വള്ളുവള്ളി സ്വദേശി നടുവിലപറമ്പിൽ മുഹമ്മദ് ഹാരിഷ് (27) ജീവനൊടുക്കി. കോഴിക്കോട് വേനപ്പാറ പുതുമന എബിൻ ജോസ് (24), ആലുവ തുരുത്ത് മംഗലശേരി മുഹമ്മദ് ഷാഫി (22), ആലുവ തോട്ടുമുഖം പണിക്കശേരി അബിക് (28) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എക്സ്‍സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തെകുറിച്ച് എക്സ്‍സൈസ് പറയുന്നത്: അനാഥാലയത്തിൽ വളർന്ന എബിനു വിദേശത്തേക്കു പോകാൻ താൽപര്യമുണ്ടെന്നു മനസ്സിലാക്കിയ സംഘം കുവൈത്തിൽ ജോലിയും വീസയും ശരിയാക്കി നൽകുകയായിരുന്നു. ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നായിരുന്നു കുവൈത്തിലേക്കു പോകേണ്ടിയിരുന്നത്. ഇതിനായി എബിനെ ശനിയാഴ്ച ആലുവയിൽ നിന്ന് ഹാരിഷ് സ്വകാര്യ ബസിൽ കയറ്റിവിട്ടു. എന്നാൽ, പിടിക്കപ്പെടുമെന്ന ഭയം കാരണം പാതി വഴിയിൽ യാത്ര മതിയാക്കിയ എബിൻ എക്സൈസ് അധികൃതർക്കു മുൻപിൽ ഹാജരാകുകയായിരുന്നു. താനറിയാതെ തന്റെ പക്കൽ ലഹരി മരുന്നു തന്നയയ്ക്കുകയായിരുന്നു എന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. ആവർത്തിച്ചു ചോദ്യം ചെയ്തതോടെ ഇയാളും സംഘത്തിൽപ്പെട്ടതാണെന്ന് എക്സ്‌സൈസ് കണ്ടെത്തിവീസയും ബാഗും മറ്റും നൽകിയ മുഹമ്മദ് ഹാരിഷിനെ തിരക്കി എക്സൈസ് സംഘം ഉച്ചയോടെ വള്ളുവള്ളിയിൽ എത്തിയപ്പോൾ ഇന്നലെ പുലർച്ചെ നാലരയോടെ ജീവനൊടുക്കിയ ഇയാളുടെ കബറടക്ക ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതോടെ എക്സൈസ് സംഘം മടങ്ങി. ബസ് യാത്രയ്ക്കിടെ എബിന്റെ ഫോൺ സ്വിച്ച് ഓഫായതോടെ പൊലീസ് പിടികൂടിയെന്ന ധാരണയിൽ തൂങ്ങിമരിച്ചതാകാമെന്നു എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ ടി.എസ്. ശശികുമാർ പറഞ്ഞു. ആലുവയിൽ ബന്ധുവിന്റെ മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ജീവനൊടുക്കിയ മുഹമ്മദ് ഹാരിഷ്.
ബ്രൗൺഷുഗർ കടത്താനുള്ള ശ്രമം പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി
0
Share.