ഭീകരരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

0

രാജ്യത്തെ നടുക്കി ഇന്നലെ പഞ്ചാബിലെ ഗുർദാസ്പൂരിലുണ്ടായ ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്നു ഭീകരരുടെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. 14 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യം അന്വേഷണത്തിൽ നിർണായക സഹായമാകുമെന്നാണ് കരുതുന്നത്. സൈനിക വേഷത്തിൽ എകെ 47 തോക്കുകളും വലിയ ബാഗുകളുമായി റോഡിലൂടെ നടന്നു പോകുന്ന മൂന്ന് ഭീകരരുടെ ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 4.55ന് പതിഞ്ഞ ദൃശ്യങ്ങളാണിവ. ഏതാണ്ട് അഞ്ചു മണിക്ക് ശേഷമാണ് ഭീകരർ ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള ദിനാനഗർ എന്ന സ്ഥലത്തെ ഒരു കടയിലെ സിസിടിവിയിലാണ് ഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞതെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യം മിനി വാൻ തട്ടിയെടുക്കാൻ ഭീകരർ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ബസിനുനേരെ വെടിയുതിർത്തത്. ഇതിനു ശേഷം പരിസരത്തുണ്ടായിരുന്ന പച്ചക്കറിവിൽപ്പനക്കാരന്റെ മാരുതി കാർ തട്ടിയെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ഇന്നലെയുണ്ടായ ആക്രമണത്തിൽ ഭീകരർ ഉൾപ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. ഗുർദാസ്പൂർ ജില്ലയിൽ, പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു 35 കിലോമീറ്റർ അകലെയുള്ള ദിനനഗറിൽ സൈനികവേഷത്തിലെത്തിയ ഭീകരർ നടത്തിയ വെടിവയ്പിൽ പൊലീസ് സൂപ്രണ്ട് അടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനുശേഷം സുരക്ഷാസൈനികർ മൂന്നു ഭീകരരെയും വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നിൽ ലഷ്കർ ഇ തയ്ബ ആണെന്നാണ് സംശയിക്കുന്നത്

Share.

About Author

Comments are closed.