സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ശ്രീശാന്ത് കാത്തിരിക്കേണ്ടിവരും ടി.സി.മാത്യു

0

വാതുവയ്പ്പുകേസിൽ കുറ്റവിമുക്തനായ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി.സി.മാത്യു. ഡൽഹി പൊലീസിന്റെ അപ്പീലിൽ തീരുമാനമാകുന്നത് വരെയാകും കാത്തിരിക്കേണ്ടത്. ബിസിസിഐയുടെ അഴിമതി വിരുദ്ധസെല്ലിലെ ചിലരുടെ സാന്നിധ്യം ശ്രീശാന്തിന്റെ മടങ്ങിവരവിന് തടസം സൃഷ്ടിക്കുമോ എന്ന് അറിയില്ല. വ്യക്തി താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയല്ല ബിസിസിഐയുടേതെന്നും ടി.സി. മാത്യു പറഞ്ഞു.ശ്രീശാന്തിനെ തിരികെ കളിക്കളത്തിൽ എത്തിക്കാൻ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ടി.സി. മാത്യു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെസിഎ ബിസിസിഐയ്ക്ക് ഇന്നലെ കത്ത് അയച്ചിരുന്നു.ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ്കുമാറാണ് ഒത്തുകളി കേസ് അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും. ബിസിസിഐയുടെ അഴിമതി വിരുദ്ധവിഭാഗ സമിതിയുടെ ഉപദേശകനാണ് നീരജ്കുമാർ ഇപ്പോൾ. നീരജ്കുമാറിന്റെ നിലപാടുകൾ ശ്രീശാന്തിന് എതിരാകുമെന്ന് റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് ഉൾപ്പെടെയുള്ള എല്ലാവരെയും ഡൽഹിയിലെ പട്യാല ഹൗസ് കോടതി കുറ്റവിമുക്തരായി പ്രഖ്യാപിച്ചത്. ഇവർക്കെതിരായ കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഡൽഹി പൊലീസിന് അപ്പീൽ നൽകാൻ സാധിക്കും. ഇതാണ് ശ്രീശാന്തിന് മുന്നിൽ പുതിയ തടസം സൃഷ്ടിക്കുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്ന കാര്യത്തിൽ ഡൽഹി പൊലീസ് സ്പെഷൽ സെൽ ഈ ആഴ്ച തീരുമാനമെടുക്കും. കോടതി കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും ശ്രീശാന്തിനെതിരായ ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. പൊലീസ് കേസിന്റെ അടിസ്ഥാനത്തിലല്ല, ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം തലവൻ രവി സവാനിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു താരങ്ങൾക്കു വിലക്കേർപ്പെടുത്തിയത് എന്നാണ് ബിസിസിഐയുടെ വാദം

Share.

About Author

Comments are closed.