മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കി. പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ കര്‍ശന നിബന്ധനകളോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഉച്ചക്ക് എയര്‍ ആംബുലന്‍സില്‍ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും.മേമന്റെ കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തിയിട്ടുണ്ട്. അതിനിടെ മേമനെ തൂക്കിലേറ്റിയ നടപടി തെറ്റെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.21 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയത്. അതിരാവിലെ തന്നെ ശിക്ഷനടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാക്കുബ് മേമനെ വിളിച്ചുണര്‍ത്തി ലഘുഭക്ഷണം നല്‍കിയെങ്കിലും അദ്ദേഹം കഴിച്ചില്ല. തുടര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. അരമണിക്കൂറോളം പ്രാര്‍ത്ഥിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് തൂക്കുമരത്തിലേക്കെത്തിച്ചത്. 6.38 ന് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം മേമനെ തൂക്കിലേറ്റി. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍ തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്. 7.01ന് ഡോക്ടര്‍ പരിശോധിച്ച് യാക്കൂബ് മരിച്ചുവെന്ന് ഉറപ്പുവരുത്തി. അസാധാരണ നടപടിയിലൂടെ മേമന് വേണ്ടി സമര്‍പ്പിച്ച ഒടുവിലത്തെ ഹര്‍ജി സുപ്രീംകോടതി പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്നാണ് വാദം കേട്ടത്. ഒടുവില്‍ ഹര്‍ജി തള്ളിക്കളഞ്ഞ കോടതി വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാന്‍ ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്. തന്റെ 53 ാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് താന്‍ ചെയ്ത തെറ്റിന് യാക്കൂബ് മേമനെ തൂക്കിലേറ്റപ്പെടുന്നത്.
യാക്കൂബ് മേമനെ തൂക്കിലേറ്റി മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുക്കും
0
Share.