മുന് രാഷ്ട്രപതി എപിജെ അബ്ദുള് കലാമിന് രാജ്യത്തിന്റെ ആദരം പൂര്ണ്ണ ബഹുമതിയോടെ ഖബറടക്കി

0

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് രാജ്യത്തിന്റെ ആദരം. കലാമിന്റെ മൃതദേഹം പൂര്‍ണ്ണ ബഹുമതിയോടെ ഖബറടക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍, ഗവര്‍ണര്‍ പി സദാശിവം, മന്ത്രി എംകെ മുനീര്‍ എന്നിവര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തു. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഓഫീസ് അറിയിച്ചു. ഷില്ലോംഗിലെ ബഥനി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച്ചയായിരുന്നു കലാമിന്റെ അന്ത്യം. 84 വയസായിരുന്നു. ഷില്ലോംഗ് ഐഐഎമ്മില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നതിനിടെ വൈകുന്നേരം ആറരയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഷില്ലോംഗിലെ സൈനിക യുണിറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തിയാണ് മരണവിവരം സ്ഥിരീകരിച്ചത്.ചെവ്വാഴ്ച്ചയാണ് കലാമിന്റെ മൃതദേഹം ഷില്ലോങ്ങില്‍ നിന്നും ദില്ലിയിലെത്തിച്ചത്. മൃതദേഹം ദില്ലി പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൂന്ന് സൈനിക മേധാവികളും സംയുക്തമായാണ് ദില്ലിയില്‍ ഏറ്റു വാങ്ങിയത്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരടക്കമുള്ള പ്രമുഖര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം മൃതദേഹം പീരങ്കി വണ്ടിയില്‍ വിലാപയാത്രയായി രാജാജി മാര്‍ഗിലെ വസതിയിലേക്കെത്തിച്ചു. രാജാജിമാര്‍ഗില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം അവസാനമായി കാണാന്‍ വന്‍ ജന തിരക്കായിരുന്നു. കഴിഞ്ഞ ദിവസമാണ് കലാമിന്റെ മൃതദേഹം സ്വദേശമായ രാമേശ്വരത്തെത്തിച്ചത്. വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ മധുരവരെയും അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം രാമേശ്വരത്തെ കലാമിന്റെ വീട്ടിലേയ്ക്കും എത്തിച്ചു.ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന(2002-2007) എപിജെ അബ്ദുള്‍ കലാം അഗ്‌നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവാണ്. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത കൂടിയുണ്ട് ഇദ്ദേഹത്തിന് സ്വന്തം. ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍, 1997ല്‍ ഭാരതരത്‌നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.രാഷ്ട്രപതി ഭവനില്‍ താമസിക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്നീ പ്രത്യേകതകള്‍ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. കൂടാതെ യുദ്ധ വിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ് എന്നി വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.

Share.

About Author

Comments are closed.