കൊലക്കയര് കാത്ത് 475 പേര് ഇന്ത്യയില് കേരളത്തില് 15-ഉം

0

2013-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. അതിലൊരാളായിരുന്നു ഇന്ന് തൂക്കിലേറ്റിയ യാക്കൂബ് മേമന്‍. മേമന് മുമ്പ് 2013 ഫിബ്രവരി 9-ന് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. അതിനുമുമ്പ് മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി അജ്മല്‍ കസബിനെയായിരുന്നു തൂക്കിലേറ്റിയത്. 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂണെയിലെ യെര്‍വാദ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. കേരളത്തില്‍ 15 പേരാണ് കൊലക്കയര്‍ കാത്ത് രണ്ടു ജയിലുകളിലായി കഴിയുന്നത്. ഗോവിന്ദച്ചാമിയും റിപ്പര്‍ ജയാനന്ദനും ഉള്‍പ്പടെ 15 പേരും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് കഴിയുന്നത്. ഏറ്റവും ഒടുവില്‍ വധശിക്ഷ ലഭിച്ച മലയാളി പട്ടാമ്പി ആമയൂരില്‍ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തുകയും ഒരു മകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പാലാ സ്വദേശി റെജികുമാറാണ്. പാലക്കാട് ജില്ലാ കോടതി 2009-ല്‍ വിധിച്ച വധശിക്ഷ 2014 നവംബര്‍ 12 ന് ഹൈക്കോടതി ശരിവെച്ചു. ഇനി സുപ്രീംകോടതി കൂടി ശിക്ഷ ശരിവെയ്ക്കുകയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്താല്‍ റെജികുമാറിനെ തൂക്കിക്കൊല്ലും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നടന്ന ആദ്യത്തെ തൂക്കിക്കൊല 1949 ലായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയായിരുന്നു അന്ന് തൂക്കിലേറ്റിയത്. ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്. 1995 മുതല്‍ 2004 വരെ വധശിക്ഷകള്‍ നടന്നിട്ടില്ല. 95 നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യത്തെ വധശിക്ഷ 2004 ആഗസ്ത് 14 നായിരുന്നു. ധനജോയ് ചാറ്റര്‍ജിയെ ആയിരുന്നു അന്ന് തൂക്കിക്കൊന്നത്. ഹേതല്‍ പരേഖ് എന്ന 14-കാരിയെ ബലാത്സംഗം ചെയ്തശേഷം കൊന്ന കേസിലാണ് ചാറ്റര്‍ജിക്കു വധശിക്ഷ ലഭിച്ചത്.

 

Share.

About Author

Comments are closed.