ഓണപ്പോരിന് ഏറ്റുമുട്ടാന് അഞ്ചു ചിത്രങ്ങള്.

0

ഓണച്ചിത്രങ്ങളുടെ പട്ടികയായി. ഏറ്റുമുട്ടാന് അഞ്ചു ചിത്രങ്ങള്. മുന്നില്നിന്ന് നയിക്കാന് മമ്മൂട്ടിയും മോഹന്ലാലും ഇത്തവണയെത്തും. ലോഹം, ഉട്ടോപ്യയിലെ രാജാവ്, ഡബിള് ബാരല്, ജമ്നാപ്യാരി, കുഞ്ഞിരാമായണം എന്നിവയാണ് ഓണച്ചിത്രങ്ങളുടെ പട്ടികയില് ഇടംപിടിച്ചത്. ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടി അവസാനനിമിഷം സെപ്റ്റംബറിലേക്ക് മാറിയത് കുഞ്ഞിരാമായണം ഉള്പ്പെടെയുള്ള സിനിമകള്ക്ക് കൂടുതല് തിയറ്ററുകള് ഉറപ്പാക്കി.
രഞ്ജിത് മോഹന്ലാല് കൂട്ടുകെട്ടിന്റെ ലോഹവും കമല് മമ്മൂട്ടി ടീമിന്റെ ഉട്ടോപ്യയിലെ രാജാവും തമ്മിലാകും പ്രധാനപോരാട്ടം. യുവാക്കളെ ത്രസിപ്പിക്കുന്ന രംഗങ്ങളുമായി അടിയില്ല, വെടി മാത്രം എന്ന ടാഗ് ലൈനോടെ വരുന്ന ഡബിള് ബാരല് ഈ സിനിമകള്ക്ക് പ്രധാനഭീഷണി ഉയര്ത്തുന്നു. പൃഥ്വിരാജും ആര്യയും താരനിരയിലുള്ള സിനിമ ലിജോ ജോസ് പെല്ലിശേരിയുടെ വെടിക്കെട്ടാകും. അതേസമയം അട്ടിമറി വിജയത്തിന് ജമ്നാപ്യാരിയും കുഞ്ഞിരാമായണവും ചുവടുവച്ചുകഴിഞ്ഞു. മധുരനാരങ്ങയ്ക്കുശേഷം കുഞ്ചാക്കോ ബോബന് നായകനാകുന്ന ചിത്രം തോമസ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്തത്. മുഴുനീള കോമഡിചിത്രം താരസമ്പന്നമാണ്.വിനീത് ശ്രീനിവാസന്റെ സാന്നിധ്യത്തിലാണ് ചെറുപ്പക്കാര് ഒന്നിക്കുന്ന കുഞ്ഞിരാമായണത്തിന്റെ പ്രതീക്ഷ. സഹോദരന് ധ്യാനും വിനീതിനൊപ്പമുണ്ട്. 25കാരനായ ബേസില് ജോസഫ് ആണ് സംവിധായകന്. ഓണച്ചിത്രങ്ങളില് ലോഹമാണ് ആദ്യമെത്തുന്നത്. തുടര്ന്ന് ജമ്നാപ്യാരിയും. ഓണത്തിന് ഒരാഴ്ച മുന്പ് ഈസിനിമകള് തിയറ്ററുകളിലെത്തും. ഉട്ടോപ്യയിലെ രാജാവ്, കുഞ്ഞിരാമായണം, ഡബിള് ബാരല് എന്നിവ ഓണനാളുകളിലാകും റിലീസ് ചെയ്യുക.

Share.

About Author

Comments are closed.