ബോളിവുഡ് പാട്ടുകളിലേതുപോലെ ആടിപ്പാടിയും അടിപൊളി വസ്ത്രങ്ങൾ ധരിച്ചും ‘ദർശനം’ നൽകുന്ന വിവാദ സന്യാസിനി രാധേ മാ തനിക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ആദ്യമായി പ്രതികരിച്ചു. ‘തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസുമായി സഹകരിക്കുമെന്നുമാണ് രാധേ മാ പറയുന്നത്.‘പൊലീസുമായി സഹകരിക്കും, അവരും എന്റെ ഭക്തരാണ്’ എന്നായിരുന്നു ആദ്യപ്രതികരണം. എന്റെ സമ്പത്തു കണ്ടാണ് ചിലർ പരാതി ഉന്നയിക്കുന്നത്. അവരെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത് – രാധേ മാ കൂട്ടിച്ചേർത്തു. സ്ത്രീധന പീഡനം സംബന്ധിച്ച പരാതിയാണ് രാധേ മായ്ക്കെതിരെ നിലവിലുള്ളത്. ആശ്രമം സന്ദർശിച്ച ഭർത്താവിനെയും കുടുംബത്തെയും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാൻ രാധേ മാ പ്രേരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നു പറയുന്ന രാധേ മാ തനിക്കു സ്വന്തമായി രണ്ടു മരുമക്കളുണ്ടെന്നും അവരോട് അഞ്ചു പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ലെന്നും അങ്ങനെയുള്ള താൻ മറ്റൊരു സ്ത്രീക്കെതിരെ ഇങ്ങനെ ചെയ്യുമോ എന്നും ചോദിക്കുന്നു. പരാതിയിൽ രാധേ മായുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്.ബോളിവുഡിലെ പ്രമുഖരടക്കം ആയിരക്കണക്കിനു ഭക്തരുണ്ട് രാധേ മായ്ക്ക്. ചുവന്ന വസ്ത്രമണിഞ്ഞ്, ഹിന്ദി സിനിമാപ്പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് രാധേ മായെക്കുറിച്ചുള്ള വിവാദങ്ങൾ തുടങ്ങിയത്. സംവിധായകൻ സുഭാഷ് ഗായിയും നടി രാഖി സാവന്തുമടക്കമുള്ളവർ രാധേ മായെ പിന്തുണയ്ക്കുന്നവരാണ്. ദുർഗാദേവിയുടെ പുനരവതാരമായി രാധേ മായെ കാണുന്ന വിശ്വാസികളുമുണ്ട്.
പൊലീസുമായി സഹകരിക്കും വിവാദ സന്യാസിനി രാധേ മാ
0
Share.