അടിച്ചിപ്പുഴ ചൊള്ളനാവയല്‍ കോളനിയിലേക്ക് മദ്യം കയറ്റിവരുന്ന ഓട്ടോക്കാര്‍ ശ്രദ്ധിക്കുക; ഇവിടം മദ്യനിരോധിതമേഖലയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധമല്ല, നാട്ടിലെ വനിതകള്‍ ഇവിടെ മദ്യത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇനിമേല്‍ കുടിച്ചിട്ട് ഇവിടെ കടക്കാനും കഴിയില്ല. കുടിക്കാന്‍ സൗകര്യം ഒരുക്കുകയുമില്ല. കഴിഞ്ഞദിവസം മദ്യക്കടത്ത് തടഞ്ഞ് സ്ത്രീകള്‍ കരുത്തറിയിച്ചുകഴിഞ്ഞു.പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കോളനികളില്‍ താമസിക്കുന്നത്; മദ്യത്തിന്റെ ദുരന്തം ഏറെ അറിഞ്ഞവര്‍. ജോലിക്കു പോകാതെ മദ്യപിച്ച് ജീവിതം തള്ളിനീക്കുന്ന കുറെ പുരുഷന്മാരുണ്ടിവിടെ. കൊച്ചുകുട്ടികളും മദ്യത്തിന്റെ നീരാളിപ്പിടിത്തത്തില്‍ അകപ്പെടുന്നതുകണ്ടാണ് സ്ത്രീകള്‍ ശക്തമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
ഇവിടെ മദ്യം വില്‍ക്കുന്ന കടയില്ല. പക്ഷേ, ഒന്നു വിളിച്ചാല്‍ മദ്യം ഓട്ടോറിക്ഷയില്‍ എത്തിക്കും. മദ്യം ഒരു ‘വിളിപ്പാടകലെ’ ആയപ്പോള്‍ ജോലിചെയ്തു കിട്ടുന്ന പണം കുടിച്ചുകളയാന്‍ ഏറെപ്പേരായി.കഴിഞ്ഞദിവസം അവര്‍ ചൊള്ളനാവയല്‍ സ്‌കൂള്‍ ജങ്ഷനില്‍ ഇറങ്ങി. മദ്യവുമായി വരുന്ന ഓട്ടോകള്‍ തടഞ്ഞു. മദ്യം പിടിച്ചെടുക്കുകയുംചെയ്തു. ബില്ലുള്ള മദ്യമാണെന്ന് പോലീസ് പറഞ്ഞുനോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല.കഴിഞ്ഞദിവസം മദ്യപിച്ച ഭര്‍ത്താവ് ചവിട്ടി ഗുരുതരാവസ്ഥയിലാക്കിയ സ്ത്രീയുടെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുതെന്ന് സമരക്കാര്‍ പറഞ്ഞു. പോലീസിന് അതുറപ്പാക്കാന്‍ പറ്റുമോ എന്നും ചോദിച്ചു. ഇതിലൊന്നും പോലീസിന് മറുപടിയുണ്ടായില്ല. ഇനി ആരു പറഞ്ഞാലും ഇവിടെ മദ്യം കൊണ്ടുവരാനും കഴിക്കാനും പറ്റില്ലെന്ന് അവര്‍ ഉറപ്പിച്ചു. ഓട്ടോയില്‍ ആര് മദ്യം കൊണ്ടുവന്നാലും പിടിച്ചെടുത്ത് പൊട്ടിച്ചുകളയുമെന്നും അറിയിച്ചു.അതിനിടെ, ചില ഓട്ടോക്കാര്‍ കൂട്ടുകാരെ കൂട്ടി വന്നെങ്കിലും ഫലമുണ്ടായില്ല. തര്‍ക്കം വിലപ്പോയില്ല. എക്‌സൈസും പോലീസും വനിതകള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. മദ്യരഹിതകോളനിയായി, 1500 കുടുംബങ്ങളുള്ള ഈ സ്ഥലത്തെ പ്രഖ്യാപിക്കാനാണ് വനിതകളുടെ തീരുമാനം. അവിടത്തെ 17 കുടുംബശ്രീ യൂണിറ്റും ബാലസഭകളുമാണ് നീക്കത്തിന് പിന്തുണ നല്‍കുന്നത്.
മദ്യവണ്ടികള്‍ തടഞ്ഞ് വീട്ടമ്മമാര്
0
Share.