തൂശനിലയിൽ വിളമ്പിയ ഒാണസദ്യയില്ലാതെ എന്ത് ഒാണമെന്ന് ചോദിച്ചുകൊണ്ട് മലയാളികൾ റസ്റ്ററന്റുകളിലേയ്ക്കോടും. ചോറിന് 25ലേറെ കറിക്കൂട്ടുകളും രണ്ടും മൂന്നും തരം പായസവുമായി യുഎഇയിലെ റസ്റ്ററന്റുകൾ വിളമ്പുന്ന ഒാണസദ്യയ്ക്ക് 30 ദിർഹം മുതൽ 50 ദിർഹം വരെയാണ് വില. പാചകം ചെയ്യാൻ സൗകര്യമില്ലാത്ത ബാച് ലർമാരും പാചക മടിയന്മാരും യാതൊരു അഭിമാനക്കുറവുമില്ലാതെ ഇൗ സദ്യ കഴിച്ച് ഏമ്പക്കം വിടുന്നു 200 ലേറെ രാജ്യങ്ങളിലെ പൗരന്മാർ വസിക്കുന്ന യുഎഇയിൽ അത്ര തന്നെ വൈവിധ്യമാർന്ന ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളുണ്ട്. ഇതിൽ മലയാളി റസ്റ്ററന്റുകൾ ഒട്ടേറെയാണ്. ഒാണമെന്ന പേരിൽ ഒരു റസ്റ്ററന്റ് ഷാർജയിലല്ലാതെ ഒരുപക്ഷേ, കേരളത്തിൽ പോലുമുണ്ടാകില്ല. മലയാളി റസ്റ്ററന്റുകൾ മത്സരിച്ചാണ് ഒാണസദ്യയൊരുക്കുന്നത്. ഇന്നും നാളെയും ഒരുക്കുന്ന ഒാണസദ്യയ്ക്ക് നേരത്തെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് മലയാളികൾ. മിക്കയിടത്തും പാർസലായാണ് സദ്യ നൽകുന്നത്. പാർസലിനുള്ള നിരക്ക് കൂട്ടി വിലയീടാക്കുന്നു.
ഇലയും ഉപ്പും തുടങ്ങി കുടിക്കാനുള്ള വെള്ളം വരെ കൂട്ടിയാണ് മുപ്പതോളം വിഭവങ്ങൾ റസ്റ്ററന്റുകൾ നിരത്തുന്നത്. ചോറ്, സാമ്പാർ, പാവയ്ക്ക കിച്ചടി, പൈനാപ്പിൾ കിച്ചടി, തോരൻ, എരിശ്ശേരി, കൂട്ടുകറി, ഒാലൻ, അവിയൽ, പരിപ്പുനെയ്യ്, ഉപ്പേരി, ഉണ്ണിയപ്പം, സർക്കര വരട്ടി, ചക്ക വറുത്തത്, നാരങ്ങ അച്ചാറ്, മാങ്ങയച്ചാറ്, ഇഞ്ചിപുളി, ഉള്ളി തായൽ, ബീറ്റ്റൂട്ട് പച്ചടി, പപ്പടം, പഴം, കാലൻ, രസം, മോര് എന്നിവയാണ് കൊതിയൂറും വിഭവങ്ങൾ. ദുബായ് കരാമയിലെ ഒരു പ്രമുഖ റസ്റ്ററന്റ് എല്ലാ വർഷവും വ്യത്യസ്തമായ പായസമേളയും ഒരുക്കുന്നു. ഇടിച്ച് പിഴഞ്ഞ പായസം, മുത്തുമണി പായസം, പഞ്ചരത്ന പായസം, മുളയരി പായസം, കരിക്കുപായസം, തേൻപഴ പായസം, പരിപ്പുപ്രഥമൻ, പാലടപ്രഥമൻ, ചക്കപായസം, അടപ്രഥമൻ, കാരറ്റ് പായസം, മത്തങ്ങ പായസം, പഴപ്രഥമൻ, അമ്പലപ്പുഴ പാൽപ്പായസം എന്നിവയാണ് വിഭവങ്ങൾ.വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് പ്രശസ്തരായ പാചകവിദഗ്ധരെ അണിനിരത്തിയാണ് റസ്റ്ററന്റുകൾ ഒാണസദ്യയൊരുക്കിയിരുന്നത്. ഇവരുടെ പേര് കേട്ടാൽ മലയാളികൾ ഒാടിയെത്തുമെന്നായിരുന്നു ധാരണ. ഇത് ഒരളവു വരെ ശരിയായിരുന്നു. ആയിരക്കണക്കിന് ഒാണസദ്യകൾ ഇതുവഴി പലരും കൂടുതൽ വിറ്റഴിച്ചു. ഇതനുസരിച്ച് വിലയും കുത്തനെ കൂട്ടിയപ്പോൾ, ആവശ്യക്കാർ കുറഞ്ഞനിരക്കുള്ള സ്ഥലം തേടിപ്പോയി. ഇതോടെ, പാചകവിദഗ്ധരുടെ വരവും നിലച്ചു. ഇപ്രാവശ്യം അത്തരത്തിൽ വീമ്പുപറച്ചിലില്ലാതെയാണ് യുഎഇയിലെ റസ്റ്ററന്റുകൾ ഒാണസദ്യ വിളമ്പുന്നത്. ദുബായ് ക്രീക്കിൽ പ്രത്യേകം ഒരുക്കുന്ന ഹൗസ് ബോട്ടിൽ സദ്യയൊരുക്കുന്ന റസ്റ്ററന്റും ഇപ്രാവശ്യത്തെ പ്രത്യേകതയാണ്. ദുബായിലെ പേരു കേട്ട റസ്റ്ററന്റുകളിൽ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ മികച്ച ഒാണസദ്യയാണ് ലഭിക്കുന്നത്. ഇവിടെ ലഭിക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരം തന്നെയാണ് ഒാണസദ്യക്ക് മാറ്റ് കൂടാൻ കാരണം. ഇന്നത്തേയ്ക്ക് മാത്രം മൂവായിരം ഒാണസദ്യ ബുക്ക് ചെയ്തതായി ദുബായിലെ പ്രമുഖ റസ്റ്ററന്റ് ഉടമ മനോരമയോട് പറഞ്ഞു. ഇതോടെ ഒാർഡർ സ്വീകരിക്കുന്നത് നിർത്തി. നാളത്തേയ്ക്കും ബുക്കിങ് തകൃതിയായി നടക്കുന്നു. വിലയല്ല, ഗുണനിലവാരമാണ് മലയാളികൾ ഒാണസദ്യയുടെ കാര്യത്തിൽ നോക്കുന്നത്. അവധി ദിനത്തിലെ ഒാണം പാരയായി ഇപ്രാവശ്യം വാരാന്ത അവധി ദിനമായ വെള്ളിയാഴ്ച ഒാണം വന്നതിൽ തൊഴിലാളികളും മറ്റും സന്തോഷിക്കുമ്പോൾ, ഇതിൽ വിഷമിക്കുന്ന കൂട്ടരുമുണ്ട്– ചില റസ്റ്ററന്റുകൾ ഉടമകൾ. മുൻവർഷങ്ങളിൽ പ്രവൃത്തി ദിവസമാണ് ഒാണമെന്നതിനാൽ ഒാണസദ്യയൊരുക്കാൻ സമയം ലഭിക്കാത്തവരൊക്കെ റസ്റ്ററന്റുകളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം തങ്ങളുടെ താമസ സ്ഥലത്ത് തന്നെ സംഘം ചേർന്ന് സദ്യയൊരുക്കാനാണ് മിക്കവരുടെയും തീരുമാനം. ഇതുമൂലം ഒാണസദ്യാ കച്ചവടത്തിൽ വലിയ കുറവ് വന്നതായി ദുബായിലെ ഒരു റസ്റ്ററന്റിലെ മാനേജർ പറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് ദിവസങ്ങളിൽ രണ്ടായിരത്തഞ്ഞൂറോളം ഒാർഡറുകൾ ലഭിച്ചെങ്കിലും ഇപ്രാവശ്യം ഇന്നലെ രാത്രി വരെ ആയിരത്തഞ്ഞൂറ് ഒാർഡർ മാത്രമേ ലഭിച്ചുള്ളൂ
ദുബായിയിൽ അടിപൊളി ഓണസദ്യ; പാർസലായും ഹൗസ്ബോട്ടിലും
0
Share.