നിയമക്കുരുക്ക്: നഴ്സുമാർ വെട്ടിലായി

0

സ്വകാര്യ ഏജൻസികളുടെ തട്ടിപ്പു തടയാൻ നഴ്സിങ് വിദേശ റിക്രൂട്ട്മെന്റ് പൂർണമായും സർക്കാർ ഏജൻസികൾ വഴിയാക്കി കേന്ദ്രസർക്കാർ കഴിഞ്ഞ മാർച്ചിൽ ഉത്തരവിറക്കി. ഇതിന്റെ ആരവം അടങ്ങുമ്പോൾ കാണുന്നത് ഈ വർഷം വിദേശജോലി ഉറപ്പായ ഒരുകൂട്ടം നഴ്സുമാർ രാജ്യം വിടാനാകാതെ പെരുവഴിയിൽ നിൽക്കുന്നതാണ്. ബാധ്യതകൾക്കു നടുവിലാണ് അവരുടെ ജീവിതം. കേന്ദ്രസർക്കാരിനു മുന്നിൽ അവരുടെ അപേക്ഷ ഇതാണ്: ദയവായി ഞങ്ങൾക്ക് ഇളവു തരൂ. ഞങ്ങൾ ജോലി ചെയ്തു ജീവിച്ചോട്ടെ‘വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒരു മലയാളി ആയിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കാറുണ്ട്, അങ്ങനെയെങ്കിൽ അവർക്കു നൂറുകണക്കിനു മലയാളി നഴ്സുമാർ അനുഭവിക്കുന്ന ദുരിതം കുറച്ചെങ്കിലും മനസ്സിലായേനെ’ – കുവൈത്തിലേക്കു നഴ്സിങ് ജോലിക്കു നിയമനം ലഭിച്ചിട്ടും യാത്ര മുടങ്ങിയ പ്രവീൺ പറയുന്നു. ഏഴു വർഷം ജോലിപരിചയമുള്ള പ്രവീണിനു പ്രായം 30. കുവൈത്തിലേക്കു പോകാൻ റായ്പൂരിലെ ജോലി ഡിസംബറിൽ ഉപേക്ഷിച്ചതാണ്. മാസങ്ങളായി തൊഴിലില്ലാതെ നടക്കുന്ന ഈ യുവാവിന് ഇപ്പോൾ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകൾക്കു പോകാനും സങ്കോചം. കുവൈത്തിൽ ജോലിയായെന്നു പറഞ്ഞിട്ട് എന്താണു പോകാത്തതെന്ന ചോദ്യം കേട്ടുമടുത്തു. യാത്ര മുടങ്ങിയ മറ്റു നഴ്സുമാരുടെ സ്ഥിതി ദയനീയമാണെന്നും പ്രവീൺ ഓർമിപ്പിക്കുന്നു.∙ എംഎസ്സി നഴ്സിങ് ബിരുദം നേടിയ അജിതയ്ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. ഇതിനിടെയാണു കുവൈത്തിലേക്കുള്ള റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. വിദ്യാഭ്യാസ വായ്പ എടുത്തതു മുടങ്ങിക്കിടക്കുന്നു. കടബാധ്യതകൾ വേറെയും. നഴ്സ് ജോലിക്കു പ്രായപരിധി തീരാൻ ഒരു വർഷം കൂടി നിൽക്കെ ഈ വർഷം പോകാൻ കഴിഞ്ഞില്ലെങ്കിൽ ആകെ കുഴപ്പമാകും.∙ പാലാ സ്വദേശിനി മേരി ഫെബ്രുവരിയിൽ കുവൈത്തിലേക്കുള്ള നഴ്സിങ് ജോലിക്കു കൊച്ചിയിൽ അഭിമുഖത്തിൽ പങ്കെടുത്തു. മാർച്ച് മൂന്നിനു ഡൽഹിയിൽ കുവൈത്തിലേക്കു നഴ്സിങ് ജോലിക്കുള്ള പരീക്ഷ എഴുതി പാസായി. രേഖകളെല്ലാം കൊടുത്തു. എന്നാൽ പുതിയ ഉത്തരവു വന്നതോടെ യാത്ര മുടങ്ങി. 3.5 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണു പഠിച്ചത്. സ്വർണമെല്ലാം വിറ്റു ബാങ്കിലെ കടം കുറെ വീട്ടി. ഒരു ലക്ഷം രൂപ എന്നിട്ടും ബാധ്യത.∙ കോട്ടയം സ്വദേശി സീനയ്ക്കു കൊൽക്കത്തയിൽ ജോലിയുണ്ടായിരുന്നു. കുവൈത്തിൽ ജോലിക്കായി അഭിമുഖം പാസായതോടെ ജോലി രാജിവച്ചു നാട്ടിലേക്കു പോന്നു. 3.5 ലക്ഷം വിദ്യാഭ്യാസ വായ്പയുടെ അടവ് കീറാമുട്ടിയായി മുന്നിൽനിൽക്കുന്നു. ഇതുപോലെ പ്രയാസത്തിലായ നൂറുകണക്കിനു പേരുണ്ട്.സുഷമ സ്വരാജിന്റെ ഒരു ഉത്തരവു മാത്രം മതി ഇങ്ങനെയുള്ള നൂറുകണക്കിനു മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകാനെന്നു നഴ്സുമാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽനിന്നുള്ള എംപിമാരുടെയും ബിജെപി നേതാക്കളുടെയും ഇടപെടലുണ്ടായാൽ സുഷമ അനുകൂല നിലപാടെടുക്കുമെന്നും നഴ്സുമാർ കരുതുന്നു.ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിങ് നിയമനങ്ങളിൽ സ്വകാര്യ റിക്രൂട്ടിങ് ഏജൻസികളെ വിലക്കിയും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫിസുകളിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കിയും നിയമം പ്രാബല്യത്തിൽ വന്നിട്ട് ആറുമാസമാകുന്നു. വിദേശ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ ഇതു നല്ല നടപടിയായി എല്ലാവരും സമ്മതിക്കുന്നു.എന്നാൽ, ഈ വർഷാരംഭം മുതൽ സ്വകാര്യഏജൻസികൾ മുഖേന നിയമനനടപടികൾ പൂർത്തിയാക്കിയ നൂറുകണക്കിനു നഴ്സുമാരാണു രാജ്യം വിടാൻ കഴിയാതെ ഇതോടെ കുരുക്കിലായത്. ജോലി കിട്ടി. നടപടികൾ പൂർത്തിയായി. രേഖകളും കൈമാറി. എന്നാൽ, ജോലിക്കായി രാജ്യം വിടാൻ കഴിയാത്ത അവസ്ഥ. ഇവരുടെ കാര്യത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ജനപ്രതിനിധികൾ കേന്ദ്രസർക്കാരിനു മുൻപാകെ പലവട്ടം ഉന്നയിച്ചിട്ടും പരിഹാരമായില്ല.നിയമം നടപ്പിലാക്കുന്ന തീയതിയിൽ ഇളവ് അനുവദിക്കാൻ നിർവാഹമില്ലെന്ന നിലപാടിലാണു വിദേശകാര്യ മന്ത്രാലയം. ഇതു സംബന്ധിച്ച ഉത്തരവുകളിലെ ആശയക്കുഴപ്പം മൂലമുള്ള പ്രശ്നങ്ങൾ വേറെയും. ഈ സാഹചര്യത്തിൽ അക്കരെയുമില്ല ഇക്കരയിലുമില്ലെന്ന നിലയിലാണു പാവം നഴ്സുമാർ.*ബാങ്ക് വായ്പ വീട്ടാൻ രക്ഷ വിദേശജോലി *ബാങ്ക് വായ്പയെടുത്തു പഠനം. നാട്ടിൽ ജോലി കിട്ടിയാലും ലഭിക്കുന്ന ശമ്പളം വായ്പയടയ്ക്കാനും ജീവിതാവശ്യങ്ങൾക്കും മതിയാവില്ല. ഇക്കാരണത്താൽ ഏകദേശം 25000 നഴ്സുമാർ ഒരു വർഷം വിദേശത്തു പോകുന്നതായാണു കണക്ക്. കുവൈത്തിൽ ഏകദേശം 25000–30000 ഇന്ത്യൻ നഴ്സുമാർ ഉണ്ട്. കൂടുതൽ പേർ ജോലി ചെയ്യുന്നതു സൗദി അറേബ്യയിലാണ്. ഒരു ലക്ഷത്തിലേറെ വരും. യുഎഇയാണു പിന്നാലെ. ബഹ്റൈൻ, ലിബിയ തുടങ്ങി സുഡാനിൽ വരെ മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്.റിക്രൂട്ട്മെന്റ് പ്രശ്നത്തിൽ കോടതി ഇടപെടലുകൾപഴയ സംവിധാനത്തിലൂടെ തന്നെ തൽക്കാലം നടപടികൾ തുടരാൻ നാലു റിക്രൂട്ടിങ് ഏജൻസികൾക്കു ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. നിലവിൽ വീസ ലഭിച്ച ഉദ്യോഗാർഥികൾക്കു നിശ്ചിത സമയത്തിനുള്ളിൽ വിദേശത്തേക്കു പോകാൻ ഇ-മൈഗ്രേറ്റ് സംവിധാനം തടസ്സമാകുന്നുവെങ്കിൽ, പഴയ സംവിധാനപ്രകാരം നടപടി തുടരാമെന്നാണു കോടതി നിർദേശിച്ചത്.റിക്രൂട്ട്മെന്റ് വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതിയും കഴിഞ്ഞദിവസം കേന്ദ്ര സർക്കാരിനു നിർദേശം നൽകി. കേരള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ ഉത്തരവ് വന്നത്യാത്ര മുടങ്ങിയവർക്ക് അനുകൂലമായ തീരുമാനം വരേണ്ടതു ഡൽഹിയിൽനിന്നു തന്നെയാണ്. കോടതിയും ഇടപെട്ട സ്ഥിതിക്ക് ഇക്കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്നു വേണം കരുതാൻ.*നഴ്സിങ് വിദേശജോലി സർക്കാർ ഏജൻസികൾ വഴി മാത്രം വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റ് കേരളത്തിലെ നോർക്ക റൂട്ട്സ്, ഒഡെപെക്, തമിഴ്നാട്ടിലെ ഒഎംസിഎൽ എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം കഴിഞ്ഞ മാർച്ച് 12ന് ഉത്തരവിറക്കി. ഏപ്രിൽ 30 മുതലാണു പ്രാബല്യം. അതേസമയം, ഏതെങ്കിലും വിദേശരാജ്യത്തേക്ക് റിക്രൂട്ട്മെന്റിന് ഒരു സ്വകാര്യ ഏജൻസിക്കു നിർദേശം ലഭിച്ചാൽ അതു പ്രത്യേകമായി പരിഗണിക്കാമെന്നും ഉത്തരവിൽ പറയുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടു ലക്ഷങ്ങളുടെ അഴിമതി നടക്കുന്നതായ പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവ്.*ഇ മൈഗ്രേറ്റ് സംവിധാനംവിദേശത്തു നഴ്സുമാരെ ആവശ്യമുള്ള തൊഴിൽ സ്ഥാപനം എമിഗ്രേറ്റ് വെബ്സൈറ്റിൽ (emigrate.gov.in) ഇ മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട ഇന്ത്യൻ എംബസികളാണു റജിസ്ട്രേഷൻ പരിശോധിച്ച് അംഗീകരിക്കുക. ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ എത്ര നഴ്സുമാരെയാണു വേണ്ടതെന്നും അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്നു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ല. ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ സ്ഥാപനത്തിനു നേരിട്ടോ ഏജൻസി വഴിയോ റിക്രൂട്ട്മെന്റിന് അപേക്ഷ നൽകാം.

Share.

About Author

Comments are closed.