ലോക പ്രശസ്ത ആനിമേഷന്‍ വിദഗ്ദ്ധര്‍ തിരുവനന്തപുരത്ത്

0

 

തിരുവനന്തപുരം – അനിമേഷന്‍ കലാരംഗത്തെ ആചാര്യന്മാര്‍ മെയ് 8 മുതല്‍ ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിക്കുന്ന ആനിമേഷന്‍ മാസ്റ്റേഴ്സ് സമിറ്റില്‍ പങ്കെടുക്കുന്നു. യുവതലമുറയുടെ ആനിമേഷന്‍ കലയോടുള്ള ആഭിമുഖ്യം മുന്‍നിര്‍ത്തി ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിക്കുന്ന വീക്ക് വിദ് ദി മാസ്റ്റേഴ്സ് എന്ന വാര്‍ഷിക മേളയുടെ തുടര്‍ച്ചയായാണ് ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ആനുമേഷന്‍ മേഖലയുടെ അനന്തസാധ്യതകള്‍ യുവതലമുറയ്ക്ക് മനസ്സിലാക്കുന്നതിനും റോള്‍ മോഡലുകളായ ലോക പ്രതിഭകള്‍ക്കൊപ്പം സംവദിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 8, 9 തീയതികളില്‍ ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത ആനിമേഷന്‍ സിനിമ നിര്‍മ്മാണ പ്രദര്‍ശന കന്പനി നിക്കളോഡിയന്‍ ചാനല്‍ പ്രോഗ്രാമിംഗ് മേധാവി അനുസിക്ക രാവിലെ 9 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാവും. ആനുമേഷന്‍ ചലച്ചിത്ര നിര്‍മ്മിതിയിലെ നൂതന ആവിഷ്കാര സാധ്യതകള്‍ വിലയിരുത്തിയ ഫ്ളൈയിം എലിഫണ്ട് കോന്പറ്റീഷനില്‍ പങ്കെടുത്ത ആനിമേഷന്‍ – ഹൃസ്വചലച്ചിത്രങ്ങളില്‍ മികച്ചവയെ സമ്മിറ്റ് കണ്ടെത്തും.  നാല് വിഭാഗങ്ങളിലായി നൂറ് സൃഷ്ടികള്‍ മത്സരത്തിനെത്തി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പതിനാറ് ചിത്രങ്ങളില്‍ നിന്ന് വിദഗ്ദ്ധര്‍ വിജയികളെ നിശ്ചയിക്കും.  മേയ് 9 ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ഫ്ളൈയിങ്ങ് എലിഫന്‍റ് ട്രോഫി സമ്മാനിക്കും.  ചടങ്ങില്‍ മുഖ്യാതിഥികളായെത്തുന്ന ഡോ. ശശിതരൂര്‍ എം.പി, ടര്‍ണര്‍ ഇന്ത്യ തലവന്‍ കൃഷ്ണ ദേശായി തുടങ്ങിയവര്‍ അവാര്‍ഡുകള്‍ നല്‍കും.  പ്രശസ്ത ഫിലിം എഡിറ്റര്‍ ബീനാപോള്‍ മുഖ്യപ്രഭാഷണം നടത്തും.

ജിം ഹെന്‍സണ്‍ ടെലിവിഷന്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ആഗ്നസ് ഫ്ളെച്ചര്‍, ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രശസ്തി നേടിയ സുരേഷ്കുമാര്‍ ഏരിയാട്, കാന്‍ ഫിലിം പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പ്രിന്‍റഡ് റേയിന്‍ബോ നിര്‍മ്മാതാവ് ഗീതാഞ്ജലി റാവു, ഇന്ത്യയിലെ ആദ്യ ലൈവ് ആക്ഷന്‍ ആനിമേഷന്‍ സിനിമയായ ടൂണ്‍പൂര്‍ കാ സൂപ്പര്‍ഹീറോ യുടെ സംവിധായകന്‍ കിരീത് ഖുറാന. വിഷ്വല്‍ ഇഫക്ട്സ് രംഗത്തേ പ്രതിഭ മധുസൂദനന്‍, ഇന്ത്യന്‍ ടെലിവിഷന്‍ ഡോട്ട്കോം, ആനിമേഷന്‍ എക്സ്പ്രസ്സ് തുടങ്ങിയ പുത്തന്‍ തലമുറ മാധ്യമ സംരംഭത്തിന്‍റെ നേതൃനിരയിലുള്ള അനില്‍ വന്‍വാരി തുടങ്ങിയവര്‍ ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റില്‍ പങ്കെടുക്കുന്നുണ്ട്. ആനിമേഷന്‍ രംഗത്തെ നൂതന പ്രവണതകള്‍ മനസ്സിലാക്കുന്നതിനും സൃഷ്ടികളില്‍ ഉപയോഗിക്കുന്നതിനും അവസരമൊരുക്കുക എന്ന ഉദ്ദേശത്തോടെ വരും വര്‍ഷങ്ങളിലും ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റ് സംഘടിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ടൂണ്‍സ് മീഡിയ ഗ്രൂപ്പ് ക്രിയേറ്റീവ് ഹെഡ് ഹരി വര്‍മ്മ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹരി അയ്യര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share.

About Author

Comments are closed.