വിധിപ്രഖ്യാപനം മാറ്റിവച്ച പോള് എം.ജോര്ജ് വധക്കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചപ്പോള് മുഴുവന് പ്രതികളും ഹാജരാകാത്തതിനെ തുടര്ന്ന് വിധിപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജുഡീഷ്യല് കസ്റ്റഡിയിലുളള പ്രതികളെ അടക്കം ഇന്ന് ഹാജരാക്കണമെന്ന് കോടതിയുടെ കര്ശന ഉത്തരവുണ്ട്. വിധിപകര്പ്പ് തയാറായില്ലെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ പതിമൂന്നാം തീയതി നിശ്ചയിച്ചിരുന്ന വിധിപ്രഖ്യാപനം മാറ്റിയത്. ഇന്നലെ വിധിപറയാന് കേസ് പരിഗണിച്ചപ്പോള് ഒന്നാംപ്രതി ജയചന്ദ്രന് ഗതാഗതകുരുക്കിലായെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഓണത്തിരക്കായതിനാല് പ്രതികളുടെ അകമ്പടിയ്ക്ക് പൊലീസില്ലെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യല് കസ്റ്റഡിയില് കഴിയുന്ന സുജിത്, ഹസന് എന്ന ഹസന് സന്തോഷ്കുമാര് എന്നീ പ്രതികളെ പൊലീസും കോടതിയില് ഹാജരാക്കിയില്ല. തുടര്ന്ന്, എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് കോടതി കര്ശനഉത്തരവിടുകയായിരുന്നു. പ്രതികളെല്ലാം ഹാജരാകുകയാണെങ്കില് ഇന്നുതന്നെ വിധി പറഞ്ഞേക്കും. പോള് ജോര്ജ് കൊലപ്പെട്ട് ആറാംവര്ഷം പിന്നിടുന്പോഴാണ് കേസില് വിധിപറയുന്നത്. ചങ്ങനാശേരി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന കാരി സതീശ് എന്ന സതീഷ്കുമാര്, ജയചന്ദ്രന്, സത്താര് എന്നിവരടക്കം പത്തൊന്പത് പേരാണ് കേസിലെ പ്രതികള്. മറ്റൊരു ക്വട്ടേഷന് നടപ്പാക്കാന് ആലപ്പുഴയ്ക്കു പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്ക്കത്തിനൊടുവില് യുവ വ്യവസായി പോള് എം.ജോര്ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പോള് എം.ജോര്ജ് വധവും ആലപ്പുഴ ക്വട്ടേഷനും രണ്ടു കേസുകളായി അന്വേഷിച്ച് സി.ബി.ഐ വേവ്വേറെ കുറ്റപത്രം സമര്പ്പിച്ചെങ്കിലും, കോടതി ഒറ്റ കേസായി പരിഗണിച്ചാണ് വിചാരണ പൂര്ത്തിയാക്കിയത്.
പോള് എം.ജോര്ജ് വധക്കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും
0
Share.