പത്തൊന്‍പതാമത് കമുകറ അവാര്‍ഡിന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനുമായ ജി. ദേവരാജന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായിട്ടാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
നാല് ദശാബ്ദക്കാലം മലയാള ചലച്ചിത്ര രംഗത്ത് പിന്നണിഗായകനായി നിറഞ്ഞു നിന്ന കമുകറ പുരുഷോത്തമന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ കമുകറ ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ശ്രീ. പെരുന്പുഴ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, കമുകറയുടെ സഹോദരിയും പ്രശസ്ത സംഗീതജ്ഞയുമായ ഡോ. ലീലാ ഓംചേരി, പൂവച്ചല്‍ ഖാദര്‍, രവി മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലം മലയാള ചലച്ചിത്ര ഗാനശാഖയ്ക്കും നാടകഗാനശാഖയ്ക്കും നല്‍കിയിട്ടുള്ള സേവനങ്ങളെ കണക്കിലെടുത്താണ് ദേവരാഗങ്ങളുടെ ശില്‍പിയും സ്വരമാന്ത്രികനുമായ ദേവരാജന്‍ മാസ്റ്ററെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
വാക്കുകളുടെ ഭാവസാന്ദ്രതയെ അതേ ലാവണ്യപ്പൊലിമയോടെ തന്‍റെ ഗാനങ്ങളിലൂടെ ശ്രോതാക്കളെ അനുഭവിപ്പിക്കാനുള്ള സര്‍ഗ്ഗസിദ്ധിയാണ് ദേവരാജന്‍ മാസ്റ്ററെ മറ്റുള്ളവരില്‍ നിന്ന് ഏറെ വേര്‍തിരിക്കുന്നതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്നും സംഗീതപ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന നൂറുകണക്കിന് പാട്ടുകള്‍ തന്‍റെ ഹൃദയവീണയിലൂടെ അദ്ദേഹം മലയാളികള്‍ക്ക് നല്‍കി. ദേവരാജന്‍ മാസ്റ്റര്‍ അവിസ്മരണീയമാക്കിയ നിരവധി ഗാനങ്ങള്‍ വിപ്ലവപാട്ടുകളുടെ കനല്‍ചൂടും, ഭക്തിഗീതത്തിന്‍റെ ചന്ദനകുളിര്‍മയും ചലച്ചിത്രഗാനങ്ങളും, നാടകഗാനങ്ങളും മാസ്റ്റര്‍ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
ഈ വര്‍ഷത്തെ അവാര്‍ഡ് മെയ് 23 ശനിയാഴ്ച വൈകിട്ട് 5.45 ന് തിരുവനന്തപുരം സെനറ്റ് ഹാറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രശസ്ത തെന്നിന്ത്യന്ഡ ചലച്ചിത്ര നടി ഡോ. ഉര്‍വ്വശി ശാരദ ദേവരാജന്‍ മാസ്റ്ററുടെ പത്നിക്ക് സമ്മാനിക്കും. പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് ദേവരാജന്‍ അനുസ്മരണം നടത്തും.
2015 മെയ് 27 ന് ശതാഭിഷിക്തനാകുന്ന പ്രൊഫ. ഓ.എന്‍.വി. കുറുപ്പിനെ ചടങ്ങില്‍ വച്ച് ആദരിക്കും.
തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായകര്‍ പങ്കെടുക്കുന്ന ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്ന സംഗീതപരിപാടി അവതരിപ്പിക്കും.
സിത്താര, രാജലക്ഷ്മി, കല്ലറ ഗോപന്‍, വിധുപ്രതാപ്, അപര്‍ണ്ണാ രാജീവ്, കമുകറ ശ്രീകുമാര്‍ എന്നിവരാണ് ഗായകര്‍.
വി. ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, പി. ലീല, കെ.ജെ. യേശുദാസ്, പി. സുശീല, എസ്. ജാനകി, എം.എസ്. വിശ്വനാഥന്‍, വാണിജയറാം, കെ.പി. ഉദയഭാനു, എം.കെ. അര്‍ജ്ജുനന്‍, എം.ജി. രാധാകൃഷ്ണന്‍, പി.ബി. ശ്രീനിവാസ്, ബി. വസന്ത, ശ്യാം, പി. ജയചന്ദ്രന്‍, എല്‍.ആര്‍. ഈശ്വരി, കെ.ജെ. ജോയ്, എം.എസ്. ബാബുരാജ് എന്നിവരാണ് മുന്‍വര്‍ഷത്തെ കമുകറ അവാര്‍ഡ് ജേതാക്കള്‍.