ആദിവാസി യുവതിയുടെ മൂന്നാമത്തെ കുട്ടിയും മരിച്ചു

0

കോഴിക്കോട് മെഡിക്കല് കോളജിലേക്കുള്ള യാത്രക്കിടെ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. വയനാട് ജില്ലാ ആശുപത്രിയില് ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതാണ് ഗര്ഭിണിയെ കോഴിക്കോട്ടേക്ക് അയക്കാന് കാരണം. ആശുപത്രിയിലേക്കുളള യാത്രാമധ്യേ പ്രസവിച്ച രണ്ടു കുഞ്ഞുങ്ങള് നേരത്തെ മരിച്ചിരുന്നു.
വയനാട് മാനന്തവാടി എടത്തന കോളനിയിലെ ആദിവാസി യുവതിയുടെ മൂന്നാമത്തെ കുഞ്ഞാണ് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് മരിച്ചത്. ഏഴുമാസം ഗര്ഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ഇന്നലെ രാവിലെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില് എത്തിച്ചത്. സ്ഥിരം പരിശോധിക്കുന്ന ഗൈനക്കോളജിസ്റ്റ് അവധി ആയിരുന്നു. ഡ്യൂട്ടിയിലുള്ള രണ്ടാമത്തെ ഗൈനക്കോളജിസ്റ്റ് പത്തുമണിക്കുശേഷമേ എത്തൂ എന്നും നഴ്സുമാര് അറിയിച്ചു. തുടര്ന്ന് യുവതിയെ കോഴിക്കോട് െമഡിക്കല് കോളജിലേക്ക് അയച്ചു. ആംബുലന്സില് യുവതിക്ക് നഴ്സുമാരുടെ സഹായം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള് പരാതിപ്പെട്ടു.യാത്രാമധ്യേ പനമരത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില് വച്ച് യുവതി ആണ്കുട്ടിയെ പ്രസവിച്ചു. തുടര്ന്ന് മെഡിക്കല് കോളജിലേക്കുള്ള യാത്രാമധ്യേ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്കി. തുടര്ന്ന് കല്പ്പറ്റ ജനറല് ആശുപത്രിയില് വച്ച് മൂന്നാമത്തെ കുട്ടിക്കും ജന്മം നല്കി. എന്നാല് അധികം താമസിക്കാതെ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞുങ്ങള് മരിച്ചു. ആദ്യത്തെ കുട്ടിയുടെ നിലഗുരുതരമായതിനാല് മാതാവിനെയും കുട്ടിയേയും കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി. പക്ഷേ രാത്രി വൈകി ഈ കുഞ്ഞും മരിച്ചു. പോഷകാഹാരക്കുറവുമൂലം 750 ഗ്രാം തൂക്കമേ ഈ കുഞ്ഞിനുണ്ടായിരുന്നുള്ളു. തന്റെ മണ്ഡലത്തില് നടന്ന സംഭവത്തെക്കുറിച്ച് മന്ത്രി പി.കെ.ജയലക്ഷ്മി വയനാട് ഡി.എം.ഒയോട് വിശദീകരണം തേടി.വയനാട്ടിലെ ശിശുമരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് ഡി.എം.ഒ പി.വി.ശശിധരന് പറഞ്ഞു. അന്വേഷണറിപ്പോര്ട്ട് ഉടന് ഡയറക്ടര് ഓഫ് ഹെല്ത്ത് സര്വീസിന് സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില് ജില്ലാ ആശുപത്രി അധികൃതര്ക്കെതിരെ യുവതിയുടെ ബന്ധുക്കള് രംഗത്തുവന്നു. ആശുപത്രി അധികൃതര് വീഴ്ചവരുത്തിയതിനെ തുടര്ന്നാണ് കുഞ്ഞുങ്ങള് മരിച്ചതെന്നാണ് ആരോപണം. ഉടന് പ്രസവിക്കുമെന്ന് അറിയിച്ചിരുന്നെങ്കില് യുവതിയെ കോഴിക്കോടിന് കൊണ്ടുപോകില്ലായിരുന്നു. യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെടുകയാണെങ്കില് സമീപത്തുള്ള ആശുപത്രിയില് പ്രവേശിപ്പിക്കാന് ആശുപത്രി അധികൃതര് പറഞ്ഞെന്നും യുവതിയുെട ബന്ധുക്കള് ആരോപിച്ചു.

Share.

About Author

Comments are closed.