നിറപറയുടെ കറിപ്പൊടികൾ ബുധനാഴ്ച പിൻവലിക്കണം

0

തിരുവനന്തപുരം: വ്യാപകമായി മായം കലർത്തി എന്ന് തെളിഞ്ഞതിനെ തുടർന്ന് നിരോധിച്ച നിറപറയുടെ മൂന്ന് ഉൽപ്പന്നങ്ങൾ മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ വിപണിയിൽ നിന്നും പിൻവലിക്കുന്നതിന് സെപ്തംബർ ഒൻപതു വരെ സമയം അനുവദിച്ചു. അതിനു ശേഷവും അവ വിപണിയിൽ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി.വി. അനുപമ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ശേഖരിച്ച 34 സാമ്പിളുകളിലും മായം കണ്ടെത്തിയതിനെ തുടർന്നാണ് നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ നിരോധിച്ചത്.പരിശോധനയിൽ ഇവയിലെല്ലാം 15% മുതൽ 70% വരെ അന്നജത്തിന്റെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. മല്ലിപ്പൊടിയിലായിരുന്നു അന്നജത്തിന്റെ തോത് കൂടുതൽ കണ്ടെത്തിയത്. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ കൂടുതൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നിവ ഉൾപ്പെടെ അറിയുന്നതിനായി കൂടുതൽ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. നിറപറയുടെ മൂന്ന് കറിപ്പൊടികളിൽ മായം കലർന്നതായി വാർത്തകൾ വന്നതോടെ മിക്ക കടകളിലും അവയുടെ വിൽപ്പന നിറുത്തി വച്ചിരിക്കുകയാണ്.മുമ്പും നിരവധി തവണ നിറപറ ഉത്പന്നങ്ങളിൽ അന്നജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 34 കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതില് ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളത്

Share.

About Author

Comments are closed.