തീരമേഖലയുടെ ചിരകാലസ്വപ്നമായ പെരുമാതുറ പാലത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്വഹിക്കും. പാലത്തോടു ചേര്ന്ന് പ്രത്യേകം ഒരുക്കിയിരിക്കുന്ന വേദിയിലാണ് ചടങ്ങ് നടക്കുക. ഉദ്ഘാടനം ആഘോഷമാക്കാനുള്ള ആവേശത്തിലാണ് തീരദേശജനത. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂര്ത്തിയായതായി സംഘാടകര് അറിയിച്ചു. ചിറയിന്കീഴ് ഗ്രാമപ്പഞ്ചായത്തിലെ പെരുമാതുറ -താഴംപള്ളി ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 259.7 മീറ്റര് നീളത്തിലും പത്തര മീറ്റര് വീതിയിലുമാണ് പാലം നിര്മ്മിച്ചിരിക്കുന്നത്.
2011ലാണ് പണി തുടങ്ങിയത്. പാലത്തിന് സ്ഥലം ഏറ്റെടുക്കലുള്പ്പെടെ നിരവധി പ്രതിസന്ധികള് പലഘട്ടത്തില് നേരിട്ടു. ‘മാതൃഭൂമി’ ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി പരമ്പരകളും വാര്ത്തകളും നല്കി. ഇതേ തുടര്ന്ന് പാലത്തിനായി സ്ഥലം കണ്ടെത്തി അധികൃതര് പണികള് ഊര്ജിതമാക്കി. തീരദേശ ഹൈവേ നടപ്പാക്കലിനും മത്സ്യബന്ധന, ടൂറിസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളുടെ സമഗ്ര വികസനത്തിനും പുതിയ പ്രതീക്ഷ നല്കുന്നതാണ് പാലം. ഉദ്ഘാടന ചടങ്ങില് മന്ത്രി കെ. ബാബു അധ്യക്ഷനായിരിക്കും. എം.എല്.എ. മാര്, ജനപ്രതിനിധികള്, രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര് തുടങ്ങിയവര് പങ്കെടുക്കും.