ഭാരതത്തിന്‍റെ അതിര്‍ത്തികളെ ബാഹ്യ ശക്തികളില്‍ നിന്നും അതിക്രമകക്ഷികളില്‍ നിന്നും സംരക്ഷിക്കുന്ന സേനാ വിഭാഗമാണ് ബി.എസ്.എഫ്. ആര്‍മിക്ക് മുന്നിലായി ബി.എസ്.എഫ്. എപ്പോഴും നിലകൊള്ളുന്നു. ഞങ്ങള്‍ അത്യന്തം വിഷമകരവും ദുരിതപൂര്‍ണ്ണവുമായ സാഹചര്യങ്ങളില്‍, അതിദുര്‍ഘകരമായ അതിര്‍ത്തി പ്രദേശങ്ങളില്‍ വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്ത് സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ച ബി.എസ്.എഫ്. ജവാന്മാരാണ്. ജീവിതകാലം മുഴുവന്‍ ഉറ്റവരില്‍ നിന്നും, ഉടയവരില്‍ നിന്നും വേര്‍പെട്ട് ദുരിത പൂര്‍ണമായ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ മനുഷ്യവര്‍ഗ്ഗമാണ്. ആര്‍മിക്ക് മുന്നിലായി ദുസ്സഹമായ സാഹചര്യങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടും ആര്‍മിക്ക് തുല്യമായ ആനുകുല്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ബി.എസ്.എഫ്. ജവാന്മാര്‍ക്കും വിമുക്തഭടന്മാരുടെ തുല്യപദവി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം ഭാരത സര്‍ക്കാര്‍ 23-11-2012 ല്‍ പുറപ്പെടുവിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ആനുകുല്യങ്ങള്‍ നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. മാതൃഭൂമി.യുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി ജീവിതം ബലിയര്‍പ്പിച്ച ഞങ്ങളോട് തീര്‍ത്തും നിഷേധാത്മകവും, വിവേചനപരവുമായ സമീപനമാണ് നമ്മുടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
മുകളില്‍ വിവരിച്ച സാഹചര്യങ്ങളില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇനി ഞങ്ങളുടെ മുന്നില്‍ അവശേഷിക്കുന്നില്ല. 13-05-2015 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്പില്‍ പ്രതിഷേധ സൂചകമായി ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ധര്‍ണ്ണയില്‍ കേരളത്തിന്‍റെ എല്ലാ ജില്ലകളില്‍ നിന്നും ഉള്ള വിരമിച്ച ബി.എസ്.എഫ്. ജവാന്മാരും അവരുടെ കുടുംബാംഗങ്ങളും ആശ്രിതരും പങ്കെടുക്കുന്നതാണ്. 13-5-2015 ന് രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കേന്ദ്രീകരിച്ച് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി, സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിക്കുന്ന കൂട്ടധര്‍ണ്ണ 2 മണിക്ക് സമാപിക്കും. ധര്‍ണ്ണയുടെ ഉദ്ഘാടനം കെ. മുരളീധരന്‍ എംഎല്‍.എ. നിര്‍വ്വഹിക്കും.