കേരളത്തിലെ സ്കൂളുകള്‍ക്ക് ആവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളും സമയബന്ധിതമായി അച്ചടിച്ചു നല്‍കുവാന്‍ ഗവ. പ്രസ്സുകള്‍ക്ക് കഴിയും. വെബ് ഓഫ്സെറ്റ് മെഷീന്‍ ഉള്‍പ്പെടെ ആധുനിക അച്ചടി യന്ത്രങ്ങളും 1500 ഓളം സാങ്കേതിക വൈദഗ്ദ്ധ്യമുള്ള ജീവനക്കാരും ഉള്‍പ്പെടെയുള്ള സംവിധാനം ഇവിടെയുണ്ട്. അച്ചടിക്കാവശ്യമായ സര്‍ക്കാര്‍ നല്‍കേണ്ട മെറ്റീരിയല്‍സ് നല്‍കാതിരിക്കുന്നതാണ് അച്ചടി യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്നത്. ഇതിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ ജീവനക്കാരുടെ മേല്‍ കെട്ടിവച്ച് പുസ്തക അച്ചടിയില്‍ നിന്നും സര്‍ക്കാര്‍ പ്രസ്സുകളെ ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. സമയബന്ധിതമായി അച്ചടിച്ചു നല്‍കേണ്ട പാഠപുസ്തകങ്ങള്‍ പോലുള്ള ജോലികള്‍ ഏറ്റെടുക്കുന്പോള്‍ ഗവ. പ്രസ്സുകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നം, അച്ചടി പൂര്‍ത്തിയാക്കാന്‍ ഓവര്‍ടൈം വേണ്ടിവന്നാല്‍ അതു നല്‍കാന്‍ കഴിയാത്തതാണ്. 23 വര്‍ഷമായി തുടങ്ങിവച്ച അച്ചടിവകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍സിലെ അപാകത പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി സ്പെഷ്യല്‍ റൂള്‍സ് ഹൈക്കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ പ്രമോഷന്‍ നടത്താന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് നിലനില്‍ക്കുന്നതു കാരണം അര്‍ഹതപ്പെട്ട പ്രമോഷന്‍ ലഭിക്കാതെ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുന്ന സാഹചര്യമാണ് വകുപ്പില്‍ നിലനില്‍ക്കുന്നത്. പ്രസ്സുകളെ ഫാക്ടറി ആക്ടിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കി ക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രസ്സിന്‍റെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്നു. ഈ ഉത്തരവ് റദ്ദ് ചെയ്ത് മുന്‍സ്ഥിതി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച് ചെയ്ത ഓവര്‍ടൈം വേതനം ഇതുവരെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല. 2010 മുതലുള്ള കുടിശ്ശികയുണ്ട്. ഈ കാര്യങ്ങള്‍ പലതവണ ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഇവയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഗവണ്‍മെന്‍റ് വര്‍ക്കേഴ്സ് യൂണിയന്‍ (എ.ഐ.റ്റി.യു.സി.) ഈ മാസം 13 ന് സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടധര്‍ണ്ണ നടത്തുന്നതാണ്. ധര്‍ണ്ണ സി.പി.ഐ. സംസ്ഥാന എക്സി. അംഗം സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ യൂണിയന്‍ നേതാക്കളായ വി. രാമചന്ദ്രന്‍പിള്ള, എസ്. അബ്ദുല്‍ റഷീദ്, എം. കൃഷ്ണകുമാര്‍, പി.എ. ബെന്നി എന്നിവര്‍ സന്നിഹിതരായിരുന്നു.